Posted By Greeshma venu Gopal Posted On

‘ഇറാൻ കീഴടങ്ങില്ല’, അമേരിക്കൻ സൈനിക ഇടപെടലുണ്ടായാൽ പരിഹരിക്കാൻ കഴിയാത്ത നഷ്ടമുണ്ടാകും, ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി ഖമനേയി

ഇസ്രയേലുമായുള്ള സംഘർഷത്തിൽ നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞ് ഇറാൻ. പോരാട്ടം തുടങ്ങിയിട്ടേ ഉള്ളുവെന്നും ഇറാൻ കീഴടങ്ങില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി വ്യക്തമാക്കി. ഇറാൻ ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ആയത്തുള്ള അലി ഖമനേയി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ സൈനിക ഇടപെടലുണ്ടായാൽ പരിഹരിക്കാൻ കഴിയാത്ത നഷ്ടം വരുത്തി വെയ്ക്കുമെന്നും ഖമനേയി പറഞ്ഞു. വിവേകം ഉള്ളവർ ഇറാനോട്‌ ഭീഷണി സ്വരത്തിൽ സംസാരിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധത്തെ യുദ്ധം കൊണ്ടും, ബോംബിനെ ബോംബ് കൊണ്ടും ഇറാൻ നേരിടും. ഏതൊരു വിധത്തിലുള്ള ഭീഷണിക്കും ആജ്ഞകൾക്കും മുന്നിൽ ഇറാൻ വഴങ്ങില്ല. ഇസ്രയേലിനെ സഹായിക്കാനുള്ള സൈനിക ഇടപെടൽ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായാൽ നിസ്സംശയമായും അമേരിക്കക്കാർക്ക് തിരിച്ചെടുക്കാനാവാത്ത ദോഷം വരുത്തിവയ്ക്കുമെന്നും ഇറാൻ പരമോന്നത നേതാവ് വിവരിച്ചു.

ഇറാനെയും അവിടുത്തെ ജനങ്ങളെയും ചരിത്രത്തെയും അറിയുന്ന വിവേകശാലികൾ ഒരിക്കലും ഭീഷണിയുടെ ഭാഷയിൽ സംസാരിക്കില്ല. കാരണം ഇറാനികൾ കീഴടങ്ങുന്നവരല്ലെന്ന് വിവേകശാലികൾക്ക് അറിയാമെന്നും ഖമനേയി പ്രസ്താവനയിൽ വിവരിച്ചു. ഇറാൻ നിരുപാധികം കീഴടങ്ങണം എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് ഇറാൻ പരമോന്നത നേതാവ് ഇന്ന് നൽകിയത്. ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ആയത്തുള്ള അലി ഖമനേയി എവിടെയാണെന്ന് വ്യക്തമായ വിവരം ഉണ്ടെങ്കിലും ഇപ്പോൾ വധിക്കില്ലെന്നുമാണ് അമേരിക്കൻ പ്രസിഡന്‍റ് ഇന്നലെ മുന്നറിയിപ്പ് നൽകിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version