കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊല കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി, വ്യാപക തെരച്ചിലിനെടുവിൽ പിടിയിലായി
കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത്. സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഇയാളെ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും.
മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിലാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. കണ്ണൂർ നഗരത്തിന് പുറത്തേക്ക് കോഴിക്കോടും കാസർകോടുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദച്ചാമിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് തളാപ്പിലെ വീട്ടിൽ നിന്ന് ഇയാൾ പിടിയിലായത്. ഇതോടെ കണ്ണൂർ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണ് ചോദ്യങ്ങൾ നീളുന്നത്. പക്ഷെ പ്രതിയെ വേഗത്തിൽ പിടികൂടാനായത് സർക്കാരിനും ആഭ്യന്തര വകുപ്പിനും വലിയ ആശ്വാസമാണ്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു. ഈ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
Comments (0)