നിമിഷപ്രിയയുടെ മോചനം; ഇന്ന് നിർണായക ദിനം, വധശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ചർച്ചകൾ ഇന്നും തുടരും

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ചർച്ചകൾ ഇന്നും തുടരും. ഇന്നലെ നടന്ന ചർച്ചയിൽ ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതിൽ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല. നാളെയാണ് വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്. കുടുംബം ഇന്ന് നിലപാടറിയിച്ചാൽ ചർച്ചകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും. കാന്തപുരത്തിന്റെ ഇടപെടലിൽ യെമനിലെ സുന്നി പണ്ഡിതനാണ് തലാലിന്റെ കുടുംബവുമായി ആദ്യഘട്ട ചർച്ച നടത്തിയത്.

യെമനിലെ സുന്നി പണ്ഡിതനാണ് കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായി സംസാരിച്ചത്. നോർത്ത് യമനിൽ നടക്കുന്ന അടിയന്തിര യോഗത്തിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുത്തത്. ബ്ലഡ് മണിക്ക് സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നൽകണം എന്നായിരുന്നു ചർച്ചയിലെ നിർദേശം. വധശിക്ഷയിൽ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version