കുവൈത്ത് സിറ്റി: നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യ-കുവൈത്ത് സൗഹൃദത്തിന്റെ സുപ്രധാന സാംസ്കാരിക അടയാളപ്പെടുത്തലിനൊരുങ്ങി കുവൈത്തിലെ ഇന്ത്യൻ എംബസി. ഇന്ത്യ-കുവൈത്ത് ബന്ധത്തിന്റെ 250 വർഷങ്ങൾ എന്ന പേരിൽ പ്രത്യേക പ്രദർശനം ഒരുക്കിയാണ് ആഘോഷം. ‘റിഹ്ല-ഇ-ദോസ്തി’ എന്ന തലക്കെട്ടിൽ ഈ മാസം 20 മുതൽ 24 വരെ കുവൈത്ത് നാഷനൽ ലൈബ്രറിയിലാണ് പ്രദർശനം. .വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെയും സഹകരണത്തെയും അനുസ്മരിക്കുന്ന വിവിധ അടയാളപ്പെടുത്തലുകൾ പ്രദർശനത്തിലുണ്ടാകും. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കുവൈത്ത് നാഷനൽ കൗൺസിൽ ഫോർ കൾചർ ആർട്സ് ആൻഡ് ലിറ്ററേചർ, കുവൈത്ത് ഹെറിറ്റേജ് സൊസൈറ്റി, നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടി.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ആദ്യകാല വ്യാപാര ബന്ധത്തിൽ നിന്ന് ഇന്നത്തെ പങ്കാളിത്തങ്ങളിലേക്കുള്ള യാത്രയെ അടയാളപ്പെടുത്തുന്നതാകും പ്രദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെയും പ്രദർശനം എടുത്തുകാണിക്കും. അപൂർവ കയ്യെഴുത്തുപ്രതികൾ, വ്യക്തിഗത കത്തുകൾ, നാണയങ്ങൾ, പുരാവസ്തുക്കൾ, പുസ്തകങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരം സന്ദർശകർക്ക് പ്രദർശനത്തിൽ കാണാം.
ഇന്ത്യ-കുവൈത്ത് ബന്ധങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള സാംസ്കാരിക പ്രകടനങ്ങളും പാനൽ ചർച്ചകളും പരിപാടിയിൽ ഉണ്ടായിരിക്കും.രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു വരെയും വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെയുമാണ് സന്ദര്ശന സമയം. വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ രാത്രി ഒമ്പതു വരെ മാത്രമാകും സമയം. പ്രവേശനം സൗജന്യമാണ്.