Posted By Greeshma venu Gopal Posted On

വിമാനയാത്രയില്‍ കയ്യില്‍ വയ്ക്കാവുന്ന പണം ഇത്രമാത്രം

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സ്വര്‍ണമോ പണമോ കൊണ്ടുപോകുന്നത് യാത്രക്കാര്‍ക്കിടയില്‍ സാധാരണമാണ്. യുപിഐ ഇടപാടുകളുടെ അഭാവത്തില്‍ എവിടെയും നമുക്ക് പണം ആവശ്യമായി വരാം. വിമാന യാത്രയില്‍ അനുവദനീയ അളവില്‍ സ്വര്‍ണമോ പണമോ കൊണ്ടുപോകാം. എന്നാല്‍ അത് മറികടന്നാല്‍ അത് ശിക്ഷാര്‍ഹമായ കുറ്റമായി മാറുന്നു, യാത്രക്കാരന് പിഴ അടയ്‌ക്കേണ്ടതായി വരുന്നു. പണവും സ്വര്‍ണവും കണ്ടുകെട്ടേണ്ടതായും വന്നേക്കാം.

മറ്റുള്ള യാത്രയില്‍ നിന്ന് വ്യത്യസ്തമായി വിമാനയാത്രയില്‍ കയ്യില്‍ കരുതേണ്ട രേഖകളുണ്ട്. പണം, ലഗേജിന്‍റെ ഭാരം കയ്യില്‍ കരുതാവുന്ന വസ്തുക്കള്‍ എന്നിവയില്‍ നിയന്ത്രണവുമുണ്ട്.

ഇന്ത്യയില്‍ വിമാന യാത്രയില്‍ കയ്യില്‍ കരുതാവുന്ന പണം

ആഭ്യന്തര വിമാനത്തില്‍ നിങ്ങള്‍ക്ക് കൊണ്ടുപോകാവുന്ന പണത്തിന് ഒരു നിശ്ചിത പരിധി ഇല്ല. എന്നാല്‍ 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ നിങ്ങള്‍ അതിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടി വന്നേക്കാം. രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പണം കൈവശം വച്ചാല്‍ ഐടി വകുപ്പ് അന്വേഷിച്ചേക്കാം. പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ അത് കണ്ടുകെട്ടുകയും കനത്ത പിഴ ചുമത്തുകയും ചെയ്യും. നേപ്പാള്‍, ഭൂട്ടാന്‍ ഒഴികെ മറ്റേത് സ്ഥലത്തേക്ക് യാത്ര ചെയ്യുകയാണെങ്കിലും 3000 ഡോളര്‍ വരെ വിദേശ കറന്‍സി കൊണ്ടുപോകാന്‍ കഴിയും.

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുമ്പോള്‍ നിങ്ങള്‍ക്ക് 5000 ഡോളര്‍ (ഏകദേശം 4.2 ലക്ഷം രൂപ) വരെ വിദേശ കറന്‍സി പണമായി കൊണ്ടുവരാം. അതിന് ഡിക്ലറേഷനും ആവശ്യമായി വന്നേക്കാം. കൂടുതല്‍ പണവും ട്രാവലര്‍ ചെക്കുകളും ഉണ്ടെങ്കില്‍ നിങ്ങള്‍ അത് കസ്റ്റംസ് വകുപ്പില്‍ അറിയിക്കേണ്ടതുണ്ട്.

നിശ്ചിത പരിധിയേക്കാള്‍ കൂടുതല്‍ പണവും സ്വര്‍ണവും നിങ്ങള്‍ കൈവശം വച്ചാല്‍ കസ്റ്റംസ് വകുപ്പ്, ഐ ടാക്‌സ് വകുപ്പ്, സുരക്ഷാ ഏജന്‍സികള്‍ എന്നിവര്‍ക്ക് വിമാനത്താവളങ്ങളില്‍ നിങ്ങളെ ചോദ്യം ചെയ്യേണ്ടിവരും. വിവരങ്ങള്‍ നല്‍കാതെ നിശ്ചിത പരിധിയേക്കാള്‍ കൂടുതല്‍ പണം നിങ്ങള്‍ കൈവശം വച്ചാല്‍ ആദായ നികുതി വകുപ്പിന് അത് നിയമവിരുദ്ധ വരുമാനമായി കണക്കാക്കുകയും പിഴ ചുമത്തുകയും ചെയ്യും. വിദേശത്തുനിന്ന് നിശ്ചിത പരിധിയേക്കാള്‍ കൂടുതല്‍ സ്വര്‍ണം കൊണ്ടുവന്നാല്‍ പിഴയോടൊപ്പം തടവും ലഭിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *