റഹാബിൽ സ്കൂളിന്റെ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് തീപിടിച്ചു. അടുത്തടുത്തായി നിർത്തിയിട്ട മൂന്ന് വാഹനങ്ങൾക്കാണ് തീ പിടിച്ചത്. സബ്ഹാൻ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ ഒരു വാനും മിനി ലോറിയും പൂർണമായും നശിച്ചു.
ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്റിലും തീപിടിത്തമുണ്ടായി. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ഫർവാനിയ, സബ്ഹാൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീപിടുത്തം നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിൽ അപ്പാർട്ട്മെന്റിൽ വ്യാപക നാശനഷ്ടമുണ്ടായി. താപനില ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും ഒമ്പതുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു.