
യാത്രാ വിലക്ക്: കുവൈത്തിൽ കുടുങ്ങിയത് പതിനായിരത്തിലേറെ പ്രവാസികൾ
വിവിധ തരത്തിലുള്ള കേസുകളിൽ ഉൾപ്പെട്ട് യാത്രാ വിലക്ക് നേരിടുന്ന പ്രവാസികളുടെ എണ്ണം കുവൈത്തിൽ വർധിക്കുന്നു. 2024 ൽ മാത്രം 182,255 കേസുകളായിലായി 69,654 പേർക്കാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. 2023 നെ അപേക്ഷിച്ച് യാത്രാവിലക്ക് നേരിടുന്നവരുടെ എണ്ണത്തിൽ 18.5% വർധനവ് ഉണ്ടായതായി കണക്കുകൾ പറയുന്നു. അധികൃതർ നടപടികൾ കർശനമാക്കിയതോടെ നിരവധി പ്രവാസികളാണ് കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ വർഷം യാത്രാ വിലക്ക് ഏർപ്പെടുത്തിയ 69,654 പേരിൽ 51,420 പേരുടെ വിലക്ക് പിൻവലിച്ചിട്ടുണ്ട്. സാമ്പത്തിക കുടിശ്ശിക വരുത്തിയതിനാലാണ് 43,290 പേർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. പണം പൂർണ്ണമായും അടയ്ക്കുന്നതനുസരിച്ച് വിലക്ക് പിൻവലിക്കും.
സിവിൽ തർക്കങ്ങൾ,സിവിൽ-ക്രിമിനൽ വിധികൾ,സാമ്പത്തിക കടങ്ങൾ വീട്ടാതിരിക്കുക എന്നിവ ഉൾപ്പെടെ വിവിധ കാരണങ്ങൾ കൊണ്ടാണ് പ്രതികൾ രാജ്യം വിട്ടു പോകാതിരിക്കാൻ യാത്രാ വിലക്ക് ഏർപ്പെടുത്തുന്നത്. കോടതികളിലെ ഡിജിറ്റൽവത്ക്കരണവും, ജുഡീഷ്യറി, ബാങ്കുകൾ, ധനമന്ത്രാലയം എന്നിവയ്ക്കിടയിലെ സഹകരണവും കൂടുതൽ ശക്തമാക്കിയതോടെ അധികൃതർക്ക് അതിവേഗം നടപടി സ്വീകരിക്കാനാകുന്നുണ്ട്. ഈ നടപടികൾ രാജ്യത്തേക്ക് നിക്ഷേപമിറക്കാൻ ആഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.


Comments (0)