
പാർക്കിൽ നടക്കാനിറങ്ങിയ ഇന്ത്യൻ വംശജനെ കുട്ടികൾ കല്ലെറിഞ്ഞു, വീഡിയോ പകർത്തി, വയോധികൻ മരിച്ചു; 15 കാരന് ഏഴ് വർഷം തടവ്
ബ്രിട്ടനില്‍ പാര്‍ക്കില്‍ നടക്കാനിറങ്ങിയ ഇന്ത്യൻ വംശജനായ വയോധികനെ കൊല്ലപ്പട്ടെ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് ലെസ്റ്റര്‍ ക്രൗണ്‍ കോടതി. 80 വയസ്സുള്ള ഭീം സെന്‍ കോലിയാണ് കൊല്ലപ്പെട്ടത്. ലെസ്റ്ററിൽ തദ്ദേശീയരായ കുട്ടികളുടെ ആക്രമണത്തിലാണ് ഭീം സെന്‍ കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ പതിനഞ്ചു വയസ്സുകാരന് ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. ഭീം സെന്നിനെ ആൺകുട്ടി കല്ലെറിയുകയായിരുന്നു.
ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ആക്രമണത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്ത 13 വയസ്സുള്ള പെൺകുട്ടിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. പെൺകുട്ടിക്ക് മൂന്ന് വര്‍ഷത്തെ യൂത്ത് റിഹാബിലിറ്റേഷനാണ് വിധിച്ചത്. കിഴക്കന്‍ ഇംഗ്ലണ്ടിലെ ലെസ്റ്ററില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സംഭവം ഉണ്ടായത്. വീടിന് അടുത്തുള്ള പാര്‍ക്കില്‍ എല്ലാ ദിവസവും ഭീം സെന്‍ നടക്കാന്‍ പോകുമായിരുന്നു. സംഭവ ദിവസവും പതിവ് പോലെ തന്‍റെ നായയ്ക്കൊപ്പം നടക്കാനിറങ്ങിയതാണ് ഭീം സെന്‍.
പ്രകോപനം ഒന്നുമില്ലാതെ ഭീം സെന്നിനെ കുട്ടികൾ തടയുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടി ഇയാളെ ആക്രമിക്കുകയായിരുന്നു. പെൺകുട്ടി ഇത് പ്രോത്സാഹിപ്പിക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഭീം സെന്‍ മരണത്തിന് കീഴടങ്ങി. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭീം സെന്‍ തൊട്ടടുത്ത ദിവസമാണ് മരണപ്പെട്ടത്. കല്ലേറില്‍ കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമായത്. സെപ്തംബര്‍ രണ്ടിന് നടന്ന സംഭവത്തില്‍ അന്ന് അഞ്ച് കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 12-14നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഹാജരാക്കിയിരുന്നു.
Comments (0)