
കുവൈറ്റിൽ ഈ സേവനങ്ങൾക്ക് ഫീസ് നിരക്ക് ഉയർത്തി
കുവൈത്തിൽ വാണിജ്യ മന്ത്രാലയം വിവിധ സേവനങ്ങളുടെ ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ സൗജന്യമായിരുന്ന 67-ലധികം സേവനങ്ങൾക്ക് ഇനി മുതൽ ഫീസ് ഈടാക്കും. അൽ റായ് ദിനപത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്. മന്ത്രിസഭാ തീരുമാനമനുസരിച്ച്, എല്ലാ സർക്കാർ ഏജൻസികളും നിലവിലെ ഫീസ് നിരക്കുകൾ പുനഃപരിശോധിച്ച് ധനകാര്യ മന്ത്രാലയവുമായി ഏകോപിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വാണിജ്യ മന്ത്രാലയം ഈ മാറ്റങ്ങൾ വരുത്തിയത്.
പുതിയ ഫീസ് നിരക്കുകൾ ഇങ്ങനെയാണ്:
കമ്പനി സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾക്ക് ഇനിമുതൽ 20 ദിനാർ ഫീസ് നൽകണം. നേരത്തെ ഇത് സൗജന്യമായിരുന്നു. റിയൽ എസ്റ്റേറ്റ്, ജ്വല്ലറി പ്രദർശനങ്ങൾ നടത്തുന്നതിനുള്ള താൽക്കാലിക ലൈസൻസ് ഫീസ് 30 ദിനാറിൽ നിന്ന് 500 ദിനാറായി ഉയർത്തി. കമ്പനികളുടെ മൂലധനം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും, ഓഹരികൾ പരിഷ്കരിക്കുന്നതിനും, പുതിയ പങ്കാളികളെ ചേർക്കുന്നതിനും, കമ്പനി പിരിച്ചുവിടുന്നതിനും, ലിക്വിഡേഷനും ഉൾപ്പെടെയുള്ള അപേക്ഷകളുടെ ഫീസിൽ 25% വർദ്ധനവ് വരുത്തി. സ്ഥാപനങ്ങളുടെ വ്യാപാരനാമം മാറ്റുന്നതിനും ഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടിംഗ് ലൈസൻസ് എടുക്കുന്നതിനുള്ള ഫീസ് 150 ദിനാറിൽ നിന്ന് 200 ദിനാറായി വർദ്ധിപ്പിച്ചു.


Comments (0)