Posted By Greeshma venu Gopal Posted On

ശുഭയാത്ര ; ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചു, നീണ്ട നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക്

നീണ്ട കാത്തിരിപ്പിനൊടുവില്‍ ശുഭത്തുടക്കം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് ആക്സിയം 4 യാത്രികരെ വഹിച്ച് സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകം കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ളത്.

ചരിത്ര നേട്ടത്തിനരികെ ശുഭാംശു ശുക്ല

നീണ്ട 41 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നു എന്നതാണ് ശുഭാംശു ശുക്ലയുടെ ഐഎസ്എസ് യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ സന്ദര്‍ശനത്തിന് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര. എന്നാല്‍ രാകേഷ് ശര്‍മ്മയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നില്ല. അതിനാല്‍, ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്യുന്നതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശു ശുക്ലയുടെ പേരിലാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version