Kuwait police: കുവൈത്ത് സിറ്റി : കുവൈത്തിൽ ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ റെസ്റ്റോറന്റ് ഡ്രൈവറുടെ കൈ തല്ലി ഒടിച്ചതിനെ തുടർന്ന് ലഭിച്ച പരാതിയിൽ ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച സ്വദേശി, പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം നടത്തി തലക്ക് പരിക്കേല്പിച്ചു. മുബാറക് അൽ കബീർ ഗവർണറേറ്റിലാണ് സംഭവം. പ്രദേശത്തെ ഒരു റസ്റ്റോറന്റിൽ നിന്ന് പ്രതി ഭക്ഷണം ഓർഡർ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭക്ഷണവുമായി പ്രതിയുടെ വീട്ടിൽ എത്തിയ ഡ്രൈവറുമായി ഭക്ഷണത്തിന്റെ തരത്തെച്ചൊല്ലി ഇയാൾ തർക്കിക്കുകയും തുടർന്ന് ഡ്രൈവരുടെ കൈ തല്ലിയൊടിക്കുകയുമായിരുന്നു..

ഇതെ തുടർന്ന് ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടുകയും മെഡിക്കൽ റിപ്പോർട്ടുമായി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും തുടർന്ന് പ്രതിയെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. സ്റ്റേഷനിൽ എത്തിയ പ്രതി പോലീസുമായി സംസാരിക്കുന്നതിനി ടയിൽ മേശപ്പുറത്ത് ഉണ്ടായിരുന്ന സിഗരറ്റ് ആഷ്ട്രേ ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ തലക്ക് ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തിയ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.. ഇയാൾക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്