കുവൈത്തിൽ താപനില ഉയർന്നുവരുന്ന സാഹചര്യത്തിൽ വൈദ്യുതിയുടെ ഉപയോഗത്തിൽ മുന്നറിയിപ്പുമായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം. രാജ്യം വളരെ ഉയർന്ന താപനില അഭിമുഖീകരിക്കുന്നതിനാൽ പീക്ക് സമയങ്ങളിൽ വൈദ്യുതി വിവേകപൂർവ്വം ഉപയോഗിക്കാൻ മന്ത്രാലയം കുവൈത്തിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. വൈദ്യുതി ലാഭിക്കുന്നത് ഒരു പങ്കിട്ട ഉത്തരവാദിത്തമാണെന്നും വൈദ്യുതി മുടക്കം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു. സർക്കാർ ഏകീകൃത സഹൽ ആപ്പിലൂടെയാണ് സന്ദേശം പങ്കിട്ടത്.
കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിൽ രേഖപ്പെടുത്തിയ താപനില 50 ഡിഗ്രിക്ക് മുകളിലാണ്. അതോടുകൂടി വൈദ്യുതി ഉപഭോഗം കുതിച്ചുയർന്ന സാഹചര്യത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. ഒരേ സമയം, പ്രത്യേകിച്ച് ഉച്ചയ്ക്കും വൈകുന്നേരവും, വളരെയധികം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം, വൈദ്യുതി ലോഡ് 16,841 മെഗാവാട്ടിലെത്തി, 17,000 മെഗാവാട്ടിന്റെ പരിധിയോട് അടുക്കുന്നു. പവർ ഗ്രിഡിലെ സമ്മർദ്ദം കുറയ്ക്കുന്നതിനും എല്ലാ പ്രദേശങ്ങളിലേക്കും തുടർച്ചയായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനും സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും അധികൃതർ അറിയിച്ചു.