Posted By Greeshma venu Gopal Posted On

കുവൈറ്റിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 1,304 തീപിടിത്ത അപകടങ്ങൾ

കുവൈത്ത് സിറ്റി: തീപിടിത്ത അപകടങ്ങളിൽ കനത്ത ജാഗ്രത പുലർത്തി അഗ്നിശമന സേന. ഈ വർഷം ആദ്യ പകുതിയിൽ 1,304 തീപിടിത്ത റിപ്പോർട്ടുകളിൽ ഇടപെടുകയും 3,532 രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതായി കുവൈത്ത് ഫയർഫോഴ്‌സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു. ഫയർഫോഴ്‌സ് ഇടപെട്ട രാജ്യത്തെ ആകമാനമുള്ള കേസാണിത്.

215 കേസുകൾ റിപ്പോർട്ടു ചെയ്ത ഹവല്ലി ഗവർണറേറ്റാണ് തീപിടിത്ത റിപ്പോർട്ടുകളിൽ മുന്നിൽ. മുബാറക് അൽ കബീർ- 202, അഹ്മദി -195, ഫർവാനിയ 183, അസിമ -171, ജഹ്‌റ- 147 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. അടിയന്തര ഘട്ടങ്ങളിലെ പെട്ടെന്നുള്ള ഇടപെടൽ, സുരക്ഷ ഉറപ്പാക്കാനുള്ള സന്നദ്ധത തുടങ്ങി അഗ്നിശമന സേനയുടെ ജാഗ്രതയും മുഹമ്മദ് അൽ ഗരീബ് ചൂണ്ടികാട്ടി.

വൈദ്യുത ഓവർലോഡുകൾ, തീപിടിക്കുന്ന വസ്തുക്കൾ തെറ്റായി കൈകാര്യം ചെയ്യൽ എന്നിവയാണ് തീപിടിത്തത്തിന്റെ പ്രധാന കാരണങ്ങൾ. അപ്പാർട്ടുമെന്റുകളിലും ഓഫിസുകളിലും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കണം. സുരക്ഷ ഒരു പൊതു ഉത്തരവാദിത്തമാണ്. അടിയന്തര സാഹചര്യങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യണം. വേനൽക്കാലത്ത് വൈദ്യുത തകരാറുകൾ മൂലമുണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് അൽ ഗരീബ് മുന്നറിയിപ്പ് നൽകി. ശരിയായ വയറിംഗ് ഉറപ്പാക്കാനും സോക്കറ്റുകളിലെ ഓവർലോഡ് ഒഴിവാക്കാനും ആഹ്വാനം ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *