
വാടക വീടെടുത്ത് ക്രിപ്‌റ്റോ കറൻസി മൈനിങ്; ഒരാൾ പിടിയിലായതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം
അനധികൃതമായി ക്രിപ്‌റ്റോ കറൻസി മൈനിങ് നടത്തിയയാളെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം. സബാഹ് അഹ്മദ് റെസിഡൻഷ്യൽ സിറ്റിയിലെ വാടക വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കുവൈത്ത് പൗരനെ അറസ്റ്റ് ചെയ്തത്. ഇയാൾ ഉപയോഗിച്ച് വന്നിരുന്ന കമ്പ്യൂട്ടറുകളും ഇലക്ട്രിക് വസ്തുക്കളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
നിയമ വിരുദ്ധമായി ഇലക്ട്രിക് വസ്തുക്കളും മൈനിങ് ഉപകരണങ്ങളും ഉപയോഗിച്ചാണ് ഇയാൾ ക്രിപ്‌റ്റോ കറൻസി മൈനിങ് നടത്തിയത്. വീടിന് മുകളിൽ അനധികൃതമായി ഒരു ഷെഡ് നിർമ്മിച്ചാണ് ഇയാൾ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ പരിശോധന നടത്തുകയും നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
രാജ്യത്ത് വൈദ്യുതി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമവും ഇയാൾ ലംഘിച്ചെന്ന് അധികൃതർ കണ്ടെത്തി. ഇതോടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പരിശോധനയുടെ വിഡിയോ ദൃശ്യങ്ങൾ ആഭ്യന്തരവകുപ്പ് പുറത്തുവിട്ടു
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ഇനിയും പരിശോധനകൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. അനധികൃതമായുള്ള ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ വൈദ്യുതി ഉപയോഗം വലിയ രീതിയിൽ വർധിക്കും. ഇത് വൈദ്യുതി തടസ്സപ്പെടുന്നത് മുതൽ മറ്റു അപകടങ്ങൾക്ക് വരെ കാരണമാകും.അത് കൊണ്ട് പൊതു ജനങ്ങൾ ഇത്തരം പ്രവർത്തിയിൽ ഏർപ്പെടരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു.


Comments (0)