കുവൈത്തിലും അറേബ്യൻ ഗൾഫ് മേഖലയിലും ആദ്യമായി, പശുവിന്റെ കരോട്ടിഡ് ധമനിയിൽ നിന്നുള്ള ബയോഗ്രാഫ്റ്റ് ഉപയോഗിച്ച് ബൈപാസ് ശസ്ത്രക്രിയ വിജയം കണ്ടതായി അധികൃതർ അറിയിച്ചു. ജാബർ അൽ അഹ്മദ് ആശുപത്രിയിലെ വാസ്കുലർ സർജറി വിദഗ്ധൻ ഡോ. അഹമ്മദ് അമീറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
60 വയസുള്ള രോഗിയുടെ കാലുകളിലെ രക്തചംക്രമണം ഗുരുതരമായി തടസ്സപ്പെട്ടിരുന്നുവെന്നും സാധാരണ ചികിത്സാ രീതികൾ ഫലം കാണാത്തതിനെ തുടർന്നാണ് ഈ മാർഗം സ്വീകരിച്ചതെന്ന് ഡോ. അമീർ അറിയിച്ചു. കൃത്രിമ ഗ്രാഫ്റ്റുകളോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് പശുവിന്റെ ധമനിയിൽ നിന്നുണ്ടാക്കിയ ബയോഗ്രാഫ്റ്റ് ശസ്ത്രക്രിയയ്ക്ക് തെരഞ്ഞെടുക്കുകയായിരുന്നു. തുടയിലെ ഒരു പ്രധാന ധമനിയിൽ നിന്ന് കാൽമുട്ടിലേക്കുള്ള ധമനി വരെ ബൈപാസ് ഒരുക്കാൻ സഹായിച്ചുവെന്ന് ഡോ. അമീർ പറഞ്ഞു. ഇത്തരം ശസ്ത്രക്രിയകൾ ഭാവിയില്‍ മറ്റ് രോഗികൾക്കും പ്രയോജനം നൽകുമെന്ന പ്രതീക്ഷയാണ് മെഡിക്കൽ സംഘത്തിനുള്ളത്.
കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക