
കുവൈറ്റിൽ ഗാതാഗത നിയമങ്ങളിൽ വമ്പൻ മാറ്റങ്ങൾ ; പിഴ തുക കൂട്ടി, 66,584 ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കി, അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
കുവൈത്ത് സിറ്റി: ഗതാഗതനിയമത്തിൽ ഭേദഗതിയുമായി കുവൈത്ത്. രാജ്യത്തെ പ്രവാസി താമസക്കാർക്ക് പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസ് കാലാവധി അഞ്ച് വർഷവും സ്വദേശികൾക്ക് 15 വർഷവുമാക്കികൊണ്ടുള്ള പുതിയ ഭേദഗതി പ്രാബല്യത്തില്‍ വന്നു. ഗതാഗതനിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള പുതിയ നിയമത്തിലെ വ്യവസ്ഥകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ഭേദഗതി പ്രാബല്യത്തില്‍ വരും. അതിനിടെ, വിവിധ കാരണങ്ങളാൽ 66,584 ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച വ്യവസ്ഥകളിലാണ് പ്രധാനമായും ഭേദഗതി വരുത്തിയിരിക്കുന്നത്. റസിഡൻസി സ്റ്റേറ്റസ് അനുസരിച്ച്, ഡ്രൈവിങ് ലൈസൻസ് കാലാവധിയിലും ഭേദഗതി വരുത്തിയിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം, പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ടാക്സി, ആംബുലൻസ് എന്നിവ ഓടിക്കാം.
പ്രൈവറ്റ് ലൈസൻസുള്ളവർ ഓടിക്കുന്ന സ്വകാര്യ വാഹനങ്ങളിൽ ഏഴ് യാത്രക്കാരിൽ കൂടുതൽ പാടില്ല. ട്രാൻസ്പോർട്ട് വാഹനങ്ങളിൽ രണ്ട് ടണ്ണിലധികം ഭാരം പാടില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കുവൈത്ത് പൗരന്മാർ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസ് 15 വർഷവും പ്രവാസികൾക്ക് അഞ്ച് വർഷവുമാണ് കാലാവധി. അനധികൃത താമസക്കാർക്ക് (ബഡൂയിനുകൾ) കാർഡ് വിലയിരുത്തൽ അനുസരിച്ചായിരിക്കും ലൈസൻസ് അനുവദിക്കുക. ബന്ധപ്പെട്ട അധികൃതർ അവരുടെ നിയമപരമായ സ്റ്റേറ്റസ് പരിശോധിച്ച ശേഷമേ ലൈസൻസ് നൽകൂ. അര നൂറ്റൂണ്ടിന് മുൻപുള്ള ഗതാഗത നിയമം ഈ വർഷം ജനുവരിയിൽ സർക്കാർ പുതുക്കിയിരുന്നു. ഗതാഗതലംഘനത്തിന് പിഴത്തുക കൂട്ടിയും ജയിൽ ശിക്ഷ ഉൾപ്പെടുത്തിയുമാണ് നിയമം പരിഷ്കരിച്ചത്. പുതിയ ഗതാഗതം നിയമം പ്രാബല്യത്തിൽ വന്ന് ഏഴ് മാസം പിന്നിടുമ്പോഴാണ് വീണ്ടും ഭേദഗതി.


Comments (0)