കുവൈറ്റിൽ രാജ്യ സുരക്ഷയുടെ ഭാഗമായുള്ള പരിശേധനകൾ തുടരുന്നു. ഏപ്രിൽ 30 മുതൽ മേയ് ഒമ്പതു വരെയുള്ള കാലയളവിൽ വിവിധ ഗവർണറേറ്റുകളിൽ നടന്ന പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 440 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ വിഭാഗങ്ങളുമായുള്ള ഏകോപനത്തിൽ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സാണ് പരിശോധന നടത്തിയത്.
നിയമവിരുദ്ധ തൊഴിലാളികളെ തിരിച്ചറിയുക, രേഖകളില്ലാത്ത താമസക്കാരുടെ അവസ്ഥ നിരീക്ഷിക്കുക, താമസവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ തടയുക, തൊഴിൽ- താമസ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുക, അനധികൃത തൊഴിലാളികളുടെ നിയന്ത്രണം എന്നിവ ലക്ഷ്യമാക്കിയുള്ള സുരക്ഷാ പദ്ധതിയുടെ ഭാഗമാണ് പരിശോധനയെന്ന് ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജനറൽ വകുപ്പ് വ്യക്തമാക്കി. അറസ്റ്റിലായ വ്യക്തികൾക്കെതിരെ നിയമനടപടി ആരംഭിച്ചു.
തുടർ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിലേക്ക് കൈമാറി. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും സുരക്ഷാ പരിശോധനകൾ നടക്കുന്നുണ്ട്. നിയമം കർശനമായി നടപ്പിലാക്കുമെന്ന് സൂചിപ്പിച്ച ആഭ്യന്തര മന്ത്രാലയം നിയമലംഘനം നടത്തുന്ന തൊഴിലാളികളും തൊഴിലുടമകളും ഒരുപോലെ നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നൽകി. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക