ഭാരം 32 കിലോയിൽ കൂടരുത്, നീളമുള്ള സ്ട്രാപ്പുകൾ പാടില്ല, കുവൈത്ത് വിമാന താവളം വഴിയുള്ള യാത്രക്കാരുടെ ലഗേജുകൾക്ക് പുതിയ മാർ​ഗരേഖ

കുവൈത്ത് വിമാന താവളം വഴിയുള്ള യാത്രക്കാരുടെ ലഗേജുമായി ബന്ധപ്പെട്ട് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. യാത്രക്കാരുടെ സുരക്ഷയും ,യാത്രാ സൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിമാന താവള അധികൃതർ പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രക്കാരുടെ ലഗേജിന്റെ വലുപ്പം, ഭാരം, പാക്കിംഗ് രീതി മുതലായവയുമായി ബന്ധപ്പെട്ട നിബന്ധനകളാണ് മാർഗ നിർദേശത്തിൽ വിശദീകരിക്കുന്നത്.

ഇത് പ്രകാരം എല്ലാ ലഗേജ് ബാഗുകളും പരന്ന പ്രതലത്തിൽ ഉള്ളവയായിരിക്കണം. ലേഗേജിൽ നീളമുള്ള സ്ട്രാപ്പുകൾ ഉണ്ടായിരിക്കരുത്.ബാഗേജുകൾ അയഞ്ഞ രീതിയിൽ പാക് ചെയ്യരുത്. ക്രമരഹിതമായോ ഉരുണ്ടതോ വൃത്താകൃതിയിലോ പായ്ക് ചെയ്ത ലഗേജുകൾ അനുവദിക്കുകയില്ല. ഇവ സുരക്ഷിതമായി പായ്ക്ക് ചെയ്തിരിക്കണം.നൈലോൺ, പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിച്ച് അയഞ്ഞ രീതിയിൽ പൊതിഞ്ഞ ബാഗേജ് സ്വീകരിക്കില്ല. ലഗേജുകൾ സുഗമമായി കൈകാര്യം ചെയ്യുവാൻ കഴിയുന്നതിനായി എല്ലാ ലഗേജുകളും സുരക്ഷിതമായും ശരിയായ രീതിയിലും പായ്ക്ക് ചെയ്തിരിക്കണം.

വലിച്ചു നീട്ടാവുന്ന നീളമുള്ള ഡഫിൾ ബാഗുകൾ അനുവദനീയമല്ല. ഒരു ബാഗിന്റെ ഭാരം 32 കിലോയിൽ കൂടരുത്. ബാഗിന്റെ പരമാവധി വലുപ്പം 90 സെന്റീമീറ്റർ നീളവും 80 സെന്റീമീറ്റർ വീതിയും 70 സെന്റീമീറ്റർ ഉയരത്തിലും കവിയരുത്. യാത്രക്കാർക്ക് ചെക്ക്-ഇൻ പ്രക്രിയ സുഗമമാക്കാനും, നടപടി ക്രമങ്ങളിൽ വരുന്ന കാലതാമസം കുറയ്ക്കാനും, സുരക്ഷിതമായ യാത്രാനുഭവം ഉറപ്പാക്കുവാനും ലക്ഷ്യമിട്ടു കൊണ്ടാണ് പുതിയ മാർഗ നിർദേശം പുറപ്പെടുവിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top