രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ വളർച്ച. കഴിഞ്ഞ വർഷം രാജ്യത്തെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടായി. വിനോദസഞ്ചാരികളും സന്ദർശകരും ചേർന്ന് കഴിഞ്ഞ വർഷം മൊത്തം 692.5 ദശലക്ഷം കുവൈത്തി ദീനാറാണ് ചെലവഴിച്ചത്. ഇത് മുൻ വർഷത്തേക്കാൾ 30 ശതമാനം കൂടുതലാണ്. രാജ്യത്തെ ആഭ്യന്തര വിനോദസഞ്ചാരം പുനരുജ്ജീവിപ്പിക്കൽ പ്രക്രിയയുടെയും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെയും വിനോദ സൗകര്യങ്ങൾ വർധിപ്പിച്ചതിന്റെയും ഫലമായാണ് ഈ നേട്ടം. വിദേശികൾക്കുള്ള വിസ നിയമങ്ങളിൽ വരുത്തിയ ഇളവുകളും കൂടുതൽ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിച്ചു.
2023ൽ വിദേശ വിനോദസഞ്ചാരികൾ ഏകദേശം 533.3 ദശലക്ഷം ദീനാറാണ് കുവൈത്തിൽ ചെലവഴിച്ചത്. കഴിഞ്ഞ വർഷം ഇതിൽ വലിയ വർധനയുണ്ടായി. 2024 ലെ അവസാന മൂന്നു മാസങ്ങളിൽ വിനോദസഞ്ചാരികളുടെ ചെലവ് 186.8 ദശലക്ഷം ദീനാറായി ഉയർന്നു. കുവൈത്ത് ആതിഥേയത്വം വഹിച്ച ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് ഈ കുതിപ്പിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു.
വിനോദസഞ്ചാരികൾ കൂടുതൽ ദിവസങ്ങൾ രാജ്യത്ത് താമസിക്കുകയും ഹോട്ടൽ, ഭക്ഷണം, മറ്റ് സേവനങ്ങൾ എന്നിവക്കായി കൂടുതൽ പണം ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. ഇത് രാജ്യത്തെ റീട്ടെയിൽ, വിനോദ മേഖലകൾക്ക് വലിയ ഉണർവ് നൽകുന്നു. നിരവധി കായിക, സാംസ്കാരിക പരിപാടികൾ കഴിഞ്ഞ വർഷം കുവൈത്തിൽ നടന്നതും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ കുവൈത്തിന്റെ വർധിച്ചുവരുന്ന സ്വീകാര്യത ഇത് തെളിയിക്കുന്നു. എണ്ണയിതര വരുമാന മാർഗങ്ങൾ കണ്ടെത്താനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിൽ വിനോദസഞ്ചാരത്തിന് പ്രധാന സ്ഥാനമുണ്ടെന്നും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക