കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും മയക്കുമരുന്ന് കടത്താന്‍ ശ്രമം അട്ടിമറിച്ച് കസ്റ്റംസ് വിഭാഗം. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ കർശന പരിശോധനയിലാണ് നിരവധി നിരോധിത വസ്തുക്കളും ലഹരിദ്രവ്യങ്ങളും പിടികൂടിയത്.ഔദ്യോഗിക സ്രോതസുകൾ നൽകിയ വിവരമനുസരിച്ച്, മരിജുവാന, ഹാലുസിനോജെനിക് ഗുളികകൾ, വിവിധതരം ലഹരിപാനീയങ്ങൾ, മറ്റ് നിരോധിത മയക്കുമരുന്നുകൾ എന്നിവയാണ് പിടിച്ചെടുത്തത്. യാത്രക്കാരുടെ ലഗേജിനുള്ളിൽ ഒളിപ്പിച്ച് പരിശോധനയെ ഒഴിവാക്കാനുള്ള ശ്രമത്തിനിടയിലാണ് വസ്തുക്കൾ കണ്ടെത്തിയത്.കസ്റ്റംസ് വിഭാഗം സാധാരണ നിയമനടപടികൾ പ്രകാരമുള്ള നടപടികൾ സ്വീകരിച്ച്, സംശയാസ്പദരായ യാത്രക്കാരെയും പിടിച്ചെടുത്ത വസ്തുക്കളെയും കൂടുതൽ അന്വേഷണം നടത്തുന്നതിനും നിയമപരമായ നടപടികൾക്കുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അറിയിച്ചിട്ടുണ്ട്.ഇത്തരം സംഭവങ്ങൾ തുടര്‍ച്ചയായി നടന്ന് വരുന്ന സാഹചര്യത്തിൽ കസ്റ്റംസ് വിഭാഗം പരിശോധനകൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.