
വേനൽക്കാലത്ത് യാത്ര ചെയ്യുമ്പോൾ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം ; ഈ സമയങ്ങളിൽ യാത്രകൾ ഒഴിവാക്കണം: യു എ ഇ ആഭ്യന്തര മന്ത്രാലയം
അവധിക്കാലമായതോടെ ഗൾഫ് രാജ്യങ്ങളിൽ റോഡ് യാത്രകൾ വർധിച്ചിരിക്കുകയാണ്. അതിനൊപ്പം തന്നെ അപകടങ്ങളും. വേനൽക്കാലത്ത് യാത്ര ചെയ്യുമ്പോൾ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുമായി യു എ ഇ ആഭ്യന്തര മന്ത്രാലയം. ‘സമ്മർ വിത്ത് ഔട്ട് ആക്സിഡന്റ്’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി സുരക്ഷാ മാർഗനിർദേശങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.
ഉയർന്ന താപനിലയും ദീർഘദൂര യാത്രകളും വാഹനങ്ങൾ തകരാറിലാകുന്നതിന് കാരണമാകും. അതിനൊപ്പം തന്നെ റോഡ് അപകടങ്ങളും സംഭവിക്കും. ഡ്രൈവർമാർ വാഹനങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ യാത്രകൾ ആരംഭിക്കാൻ പാടുള്ളു.
ബ്രേക്കുകൾ, എൻജിൻ ഓയിൽ, കൂളന്റ്, എയർ കണ്ടീഷനിങ് സിസ്റ്റം തുടങ്ങിയവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ടയറിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പഴകിയതോ,കേടുപാടുകൾ സംഭവിച്ചതുമായ ടയറുകൾ ഉപയോഗിച്ചു യാത്ര ചെയ്യരുത്. ചൂടുകാലത്ത് ടയർ പൊട്ടിത്തെറിച്ച് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. റേഡിയേറ്ററിലെ വെള്ളം കൃത്യമാണോ എന്ന് ഡ്രൈവർമാർ പരിശോധിക്കണം.
ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയത്ത് യാത്ര ചെയ്യുന്നത് ഒഴിവാക്കണം. ചൂട് കൂടി നിൽക്കുന്ന ഈ സമയത്ത് യാത്ര ചെയ്യുന്നത് വാഹനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയെ ബാധിക്കും. കഴിഞ്ഞ വർഷം നിരവധി വാഹനങ്ങൾ തീപിടിച്ചു അപകടം സൃഷ്ടിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് യു എ ഇ ആഭ്യന്തര മന്ത്രാലയം മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്.


Comments (0)