ദുബായിൽ പുതിയതായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർക്ക് ചെലവ് കൂടും ; ഫീസ് നിരക്കുകൾ ഉയർത്തി ആർടിഎ
ദുബായ് പുതിയതായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനു ഫീസ് പുനർനിർണയിച്ച് ആർടിഎ. മൊത്തം 810 ദിർഹമാണ് ലൈസൻസ് എടുക്കുന്നതിന് ആർടിഎക്ക് നൽകേണ്ടത്. ബൈക്ക്, ഫോർ വീലർ എന്നിവ പഠിക്കുന്നതിന് 100, ഹെവി വാഹനങ്ങൾക്ക് 200 എന്നിങ്ങനെയാണ് പെർമിറ്റ് ഫീസ്. അപേക്ഷകരുടെ പേരിൽ ട്രാഫിക് ഫയൽ തുറക്കാൻ 200 ദിർഹം നൽകണം. മാർഗനിർദേശങ്ങളടങ്ങിയ ഗൈഡിന് 50 ദിർഹം നൽകണം. ഡ്രൈവിങ് സ്കൂളുകൾക്ക് നൽകുന്ന ഫീസിനു പുറമെയാണിത്. ആർടിഎ അംഗീകാരം നൽകിയ സെന്ററുകൾ വഴി നേത്രപരിശോധന പൂർത്തിയാക്കാൻ കുറഞ്ഞ നിരക്ക് 140 ദിർഹവും ഉയർന്ന നിരക്ക് 180 ദിർഹവുമാണ്.
അതോടൊപ്പം ഇന്നവേഷൻ ആൻഡ് നോളജ് എന്ന പേരിൽ 20 ദിർഹവും നൽകണം. ഇതിനു പുറമെ, നിലവിലുള്ള ഓട്ടമാറ്റിക് ഗിയർ ഡ്രൈവിങ് ലൈസൻസ് സാധാരണ ഗിയർ ലൈസൻസാക്കി മാറ്റാൻ 220 ദിർഹം നൽകണം. നിലവിലുള്ള ലൈസൻസിൽ പുതിയ ലൈസൻസ് കൂടി ചേർക്കുന്നതിനും 220 ദിർഹമാണ് ഫീസ്. റോഡ് ടെസ്റ്റ് കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ലൈസൻസ് ലഭിക്കാത്തവർ 200 ദിർഹം നൽകി പുതിയ ലേണിങ് ഫയൽ തുറക്കണം. പഠിക്കാനുള്ള അപേക്ഷയ്ക്ക് 100 ദിർഹം കൂടി നൽകണം. ഇതിനു പുറമെ ഡ്രൈവിങ് ഗൈഡിന് 50 ദിർഹം, ലൈസൻസ് ഇഷ്യു ഫീസായി 300, ആർടിഎ ടെസ്റ്റിന് 200 ദിർഹം, ഇന്നവേഷൻ ആൻഡ് നോളജ് ഇനത്തിൽ 20 ദിർഹം എന്നിങ്ങനെ നൽകണം.
ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തവർക്കു പുതിയ ലൈസൻസിന് 200 ദിർഹം ആർടിഎ ടെസ്റ്റ് ഫീസ് നൽകണം. ഫയൽ ഓപ്പൺ 200 ദിർഹം, അപേക്ഷ ഫോം 100 ദിർഹം എന്നീ ഫീസുകളും ഈടാക്കും. കൂടാതെ ലൈസൻസ് റദ്ദാക്കുകയോ പിടിച്ചെടുക്കയോ ചെയ്തതിന്റെ പേരിൽ 3000 ദിർഹം അധിക നിരക്കും ഈടാക്കും.
Comments (0)