രാജ്യത്ത് കനത്ത ചൂടും പൊടിക്കാറ്റും തുടരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ അന്തരീക്ഷം പൊടി നിറഞ്ഞതായിരുന്നു. വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റും കഠിന ചൂടും തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. പൊടിപടലങ്ങൾ ഉയരാനും തുറന്ന പ്രദേശങ്ങളിൽ ദൃശ്യപരത കുറക്കാനും ഇത് കാരണമാകും.
പകൽ സമയത്ത് കാലാവസ്ഥ വളരെ ചൂടും പൊടിപടലവും നിറഞ്ഞതായിരിക്കും. രാത്രിയിലും ചൂട് കാറ്റ് തുടരും. തുറസ്സായ പ്രദേശങ്ങളിൽ ദൃശ്യപരത 1,000 മീറ്ററിന് താഴെയാകും. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കടൽ തിരമാല ആറ് അടിയൽ വരെ ഉയരുമെന്നതിനാൽ കടൽ യാത്ര ഒഴിവാക്കണം. ഹൈവേകളിൽ വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണം. ആസ്ത്മയോ അലർജിയോ ഉള്ളവർ പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം. ഇന്ത്യൻ മൺസൂൺ ന്യൂനമർദം വ്യാപിച്ചതും വടക്കുപടിഞ്ഞാറൻ വരണ്ട കാറ്റ് വീശുന്നതുമാണ് ഈ കാലാവസ്ഥക്ക് കാരണം. അതേസമയം, ശക്തമായ കാറ്റും പൊടിക്കാറ്റും താപനിലയിൽ നാല് മുതൽ ആറ് വരെ ഡിഗ്രി സെൽഷ്യസ് നേരിയ കുറവുണ്ടാക്കുമെന്ന് കലാവസഥ വിഭാഗം ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
