Posted By Greeshma venu Gopal Posted On

ലോര്‍ഡ്‌സിൽ ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക; ഓസീസിനെ വീഴ്ത്തി കന്നി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കരീടമുയർത്തി

കന്നി ടെസ്റ്റ് ചാമ്പ്യാൻസ് കിരീടം നേടി ദക്ഷിണാഫ്രിക്ക. വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടത്തില്‍ മുത്തമിട്ടു. 1998ല്‍ നേടിയ ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമായിരുന്നു അവരുടെ ഏക ഐസിസി ട്രോഫി. ഹാന്‍സി ക്രോണ്യയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ട്രോഫി സമ്മാനിക്കുന്ന നായകനെന്ന ഒരിക്കലും മായാത്ത നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്താന്‍ അവരുടെ ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കും സാധിച്ചു.

ഒന്നാം ഇന്നിങ്സില്‍ 212 റണ്‍സില്‍ പുറത്തായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 138 റണ്‍സില്‍ അവസാനിപ്പിച്ച് 74 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റ് വീശിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് 207 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പ്രോട്ടീസിനു സാധിച്ചു. ഓസീസ് 282 റണ്‍സ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തു. ഒരു ദിവസവും മൂന്ന് സെഷനുകളും ബാക്കി നില്‍ക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 282 റണ്‍സ് കണ്ടെത്തിയാണ് ലോര്‍ഡ്‌സില്‍ ചരിത്രമെഴുതിയത്.

3 ദിവസം മുന്നില്‍ നില്‍ക്കെ കരുതലോടെ ബാറ്റ് വീശിയാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം നേടിയ ഐതിഹാസിക സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബവുമ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കന്‍ ജയം അനായാസമാക്കിയത്.

ഓപ്പണറായി ഇറങ്ങി ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തില്‍ മടങ്ങേണ്ടി വന്ന മാര്‍ക്രം രണ്ടാം ഇന്നിങ്‌സില്‍ ക്ലാസ് ശതകവുമായി ഒരറ്റം കാത്താണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. വിജയത്തിനു ആറ് റണ്‍സ് അകലെയാണ് താരം 136 റണ്‍സ് സ്വന്തമാക്കി മടങ്ങിയത്. എട്ടാം ടെസ്റ്റ് സെഞ്ച്വറിയിലേക്ക് 14 ഫോറുകള്‍ സഹിതമാണ് മാര്‍ക്രം എത്തിയത്. കളി ജയിക്കുമ്പോള്‍ 21 റണ്‍സുമായി ഡേവിഡ് ബഡിങ്ഹാമും 4 റണ്‍സുമായി കെയ്ല്‍ വരെയ്‌നുമായിരുന്നു ക്രീസില്‍.

ബവുമ 66 റണ്‍സെടുത്തു മടങ്ങി. വിയാന്‍ മള്‍ഡര്‍ (27), റിയാന്‍ റിക്കല്‍ടന്‍ (6), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റുകള്‍ വീഴ്ത്തി. കമ്മിന്‍സ്, ഹെയ്‌സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *