കുവൈറ്റിൽ മരിച്ച ദമ്പതികളുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിനു വയ്ക്കും: നാളെ നാട്ടിലെത്തിക്കും

ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു വരെ കുവൈത്തിലെ സബാഹ് ആശുപത്രിയിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹങ്ങൾ രാത്രിയോടെ കണ്ണൂരിലേക്കുള്ള വിമാനത്തിൽ കൊണ്ടുവരും. പുലർച്ചെ ബന്ധുക്കൾ ഏറ്റുവാങ്ങി സൂരജിന്റെ മണ്ടളത്തെ വീട്ടിലെത്തിക്കും. വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചകഴിഞ്ഞു മണ്ടളം സെന്റ് ജൂഡ്സ് പള്ളിയിലാണ് സംസ്ക്കാരം.

പൊലീസ് റിപ്പോർട്ട് പ്രകാരം അയൽക്കാർ സംശയത്തെത്തുടർന്ന് ഫ്ലാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് വിവരം ലഭിച്ചു. പൊലീസ് അബ്ബാസിയയിലെ സംഭവസ്ഥലത്തെ ഫ്‌ളാറ്റിൽ പോയി ഡോറിൽ മുട്ടിയപ്പോൾ ആരും വാതിൽ തുറന്നില്ല. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി വാങ്ങി ഡോർ തകർത്ത് അപ്പാർട്ട്മെന്റിൽ പ്രവേശിച്ചപ്പോൾ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ആദ്യത്തെ മൃതദേഹം കഴുത്തറത്ത നിലയിൽ സ്ത്രീയുടേതായിരുന്നു. അവരുടെ രക്തം ഹാളിൽ നിറഞ്ഞിരുന്നു. തിരച്ചിലിനു ശേഷം, മറ്റൊരു മൃതദേഹവും കണ്ടെത്തി, അത് കുറ്റകൃത്യം ചെയ്ത ശേഷം ആത്മഹത്യ ചെയ്ത ഭർത്താവിന്റെതായിരുന്നുവെന്നുമാണ് പൊലീസ് റിപ്പോർട്ട്. രാത്രിയിൽ ദമ്പതികൾ തമ്മിലുള്ള വഴക്കിന്റെയും, സ്ത്രീയിൽ നിന്നുള്ള നിലവിളിശബ്‍ദം കേട്ടതായും അയൽക്കാർ മൊഴി നൽകി. എന്നാൽ വാതിൽ അടച്ചിരുന്നതിനാൽ അവർക്ക് സംഭവത്തിൽ ഇടപെടാൻ സാധിച്ചില്ലെന്നും വൃത്തങ്ങൾ വിശദീകരിച്ചു.

ദിവസങ്ങൾക്ക് മുൻപാണ് രണ്ടുപേരും മക്കളായ ഈവ്ലിൻ , എയ്ഡൻ എന്നിവരെ നാട്ടിലാക്കി ഈസ്റ്റർ ആഘോഷങ്ങൾക്ക് ശേഷം തിരിച്ച് കുവൈത്തിലെത്തിയത്. രണ്ടുപേരും കുവൈത്തിലെ ജോലി അവസാനിപ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് പോകാനായി നടപടികൾ പൂർത്തിയാക്കി യാത്രക്കൊരുങ്ങുന്നതിനിടയാണ് സംഭവം. ഇതിന്‍റെ ഭാഗമായി മക്കളെ നാട്ടിലെ സ്കൂളിൽ ചേർത്ത് ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. മരണപ്പെട്ട സൂരജ് ആരോഗ്യ മന്ത്രാലയത്തിലെ ജാബർ ആശുപത്രിയിലും ബിൻസി പ്രതിരോധ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top