തീപിടിത്ത മുന്നറിയിപ്പ് അലാറം അടിച്ചു ; പിന്നാലെ വിമാനത്തിൽ നിന്ന് എടുത്ത് ചാടി യാത്രക്കാർ, 18 പേർക്ക് പരിക്ക്

തീപിടിത്ത മുന്നറിയിപ്പ് അലാറം അടിച്ചതിന് പിന്നാലെ വിമാനത്തിൽ നിന്ന് ചാടിയ 18 യാത്രക്കാർക്ക് പരിക്ക്. സ്പെയിനിലെ പാൽമ ഡി മല്ലോറ എയർപോർട്ടിലാണ് സംഭവം ഉണ്ടായത്. മാഞ്ചസ്റ്ററിലേക്ക് പോകാൻ റൺവേയിൽ നിർത്തിയിട്ട റയൻഎയർ 737 വിമാനത്തിലാണ് ഫയർ അലാറം മുഴങ്ങിയത്.

ഉടൻ തന്നെ വിമാന ജീവനക്കാർ യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തെത്തിക്കാനുള്ള നടപടികൾ തുടങ്ങി. തീപിടിത്ത മുന്നറിയിപ്പ് സൂചിപ്പിക്കുന്ന ലൈറ്റ് തെളിഞ്ഞതോടെയാണ് നടപടികൾ തുടങ്ങിയത്. ഉടൻ തന്നെ എമർജൻസി ടീം വിമാനത്തിനടുത്തെത്തി യാത്രക്കാരെ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങി. എന്നാൽ എമർജൻസി സംഘം എത്തുമ്പോഴേക്കും പരിഭ്രാന്തരായ യാത്രക്കാരിൽ പലരും വിമാനത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ചിലർ വിമാനത്തിൻറെ ചിറകിലൂടെ താഴേക്ക് ഇറങ്ങി. താഴേക്ക് ചാടിയ ചില യാത്രക്കാർ റൺവേയിലൂടെ ഓടുന്നത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങളിൽ കാണാം. അഗ്നിശമന സേനയും പൊലീസും ഉടനടി സ്ഥലത്തെത്തി. താഴേക്ക് ഇറങ്ങിയ 18 യാത്രക്കാർക്കാണ് നിസ്സാര പരിക്കേറ്റത്. ഇവർക്ക് വേണ്ട ചികിത്സ ലഭ്യമാക്കി. ആർക്കും ഗുരുതര പരിക്കേറ്റിട്ടില്ല.

ഇതേസമയം തെറ്റായ ഫയർ അലാറം ആയിരുന്നു അതെന്നും യാത്രക്കാരെ സുരക്ഷിതമായി ടെർമിനലിലെത്തിച്ചെന്നും റയൻ എയർ പ്രസ്താവനയിൽ പറഞ്ഞു. യാത്രക്കാരെ ഒഴിപ്പിച്ചതിന് പിന്നാലെ അവർക്ക് ആവശ്യമായ വൈദ്യസഹായവും എത്തിച്ചതായും എയർലൈൻ വ്യക്തമാക്കി. സംഭവത്തിൽ എയർപോർട്ട് സുരക്ഷ ഉദ്യോഗസ്ഥരും അഗ്നിശമന സേന ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. യാത്രക്കാരുമായി മറ്റൊരു വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. ആർക്കും കാര്യമായ പരിക്കേൽക്കാത്തതിനാലും മറ്റ് പ്രശ്നങ്ങളില്ലാത്തതിനാലും പാൽമ എയർപോർട്ട് സംഭവത്തിന് പിന്നാലെ സാധാരണനിലയുള്ള പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top