
കുടുംബസന്ദർശക വിസയിൽ എത്തുന്നവർക്ക് കുവൈത്ത് ദേശീയ വിമാനങ്ങളിലെ യാത്ര നിർബന്ധമല്ല ; തീരുമാനം കേരളത്തിലെ ഈ ജില്ലകാർക്ക് ഏറെ ആശ്വാസം
കുവൈത്ത് സിറ്റി: കുടുംബസന്ദർശക വിസയിൽ എത്തുന്നവർക്ക് കുവൈത്ത് ദേശീയ വിമാനങ്ങളിലെ യാത്ര നിർബന്ധമില്ലെന്ന പ്രഖ്യാപനം മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസമാകും. നേരത്തേ കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നീ വിമാനങ്ങളിൽ മാത്രമായിരുന്നു കുടുംബസന്ദർശന വിസയിലുള്ളവർക്ക് വരാൻ അനുമതി. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഈ രണ്ടു വിമാനക്കമ്പനികളും സർവിസ് നടത്തുന്നില്ല.
ഇതിനാൽ കൊച്ചിയിൽ എത്തിയാണ് പല കുടുംബങ്ങളും യാത്ര ചെയ്തിരുന്നത്. കണ്ണൂരും കോഴിക്കോടും മലപ്പുറവും ഉള്ള കുടുംബങ്ങൾ ദീർഘ നേരം യാത്ര ചെയ്ത് വലിയ പ്രയാസം സഹിച്ചാണ് കൊച്ചിയിൽ എത്തി വിമാനം കയറിയിരുന്നത്. പ്രായമേറിയവർക്കും കുട്ടികൾക്കും ഇത് പ്രയാസകരമായിരുന്നു. ഇതിനാൽ പല കുടുംബവും കുവൈത്ത് സന്ദർശനം ഒഴിവാക്കുകയും ചെയ്തിരുന്നു.
പുതിയ തീരുമാനം വന്നതോടെ കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നും എല്ലാ വിമാനങ്ങളിലും കുവൈത്തിൽ എത്താനാകും. ഈ പ്രദേശങ്ങളിൽ ഉള്ളവർക്ക് ഇത് സമയ ലാഭവും സാമ്പത്തിക ലാഭവുമാണ്. അതേസമയം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് നിലവിൽ കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സർവിസ് ഉള്ളത്. കോഴിക്കോട്-കുവൈത്ത് സെക്ടറിൽ ആഴ്ചയിൽ അഞ്ചു ദിവസവും കണ്ണൂരിലേക്ക് രണ്ടു ദിവസവുമാണ് സർവിസ്. രണ്ടിടങ്ങളിലേക്കും മറ്റു വിമാനകമ്പനികൾ സർവിസ് ആരംഭിക്കണമെന്നും എണ്ണം കൂട്ടണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.


Comments (0)