Posted By Greeshma venu Gopal Posted On

12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭാഗികവിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷാ ഭീഷണികള്‍ക്കും കാരണമായേക്കാവുന്ന രാജ്യങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പു വെച്ചു. അതേസമയം, ട്രംപിന്‍റെ ഈ അപ്രതീക്ഷിത നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ഇറാന്‍, തുടങ്ങി 12 രാജ്യങ്ങളിലെ പൗരന്മാരെയാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയത്. തിങ്കളാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

ക്യൂബ, വെനേസ്വല അടക്കം ഏഴു രാജ്യങ്ങള്‍ക്ക് ഭാഗികമായും വിലക്ക് ഏര്‍പ്പെടുത്തി. യുഎസിലെ കുടിയേറ്റസംവിധാനങ്ങളുമായുള്ള നിസഹകരണം, തീവ്രവാദബന്ധം, നീരീക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തത എന്നിവ ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവ്. 2017ലെ ട്രംപിന്‍റെ ഭരണകൂടകാലത്തും സമാന രീതിയില്‍ രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്കയെ സുരക്ഷിതമാക്കാനുള്ള നടപടി എന്നാണ് പുതിയ ഉത്തരവിനെ ട്രംപ് വിശദീകരിക്കുന്നത്. നിയമപരമായ സ്ഥിരതാമസക്കാര്‍, യുഎസ് ദേശീയ താല്‍പര്യങ്ങള്‍ നിറവേറ്റുന്ന വ്യക്തികള്‍ എന്നിവര്‍ക്ക് ഈ പ്രഖ്യാപനത്തില്‍ ഇളവുണ്ടാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *