കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾ കുറക്കാൻ ശക്തമായ പരിശോധന തുടരുന്നു. കഴിഞ്ഞ ആഴ്ച ജനറൽ ട്രാഫിക് ഡിപാർട്ട്മെന്റ് (ജി.ടി.ഡി) 19,407 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 199 അപകടങ്ങളും പരിക്കുകളും ഉൾപ്പെടെ 1,392 വാഹനാപകടങ്ങൾ കഴിഞ്ഞ ആഴ്ച വകുപ്പ് കൈകാര്യം ചെയ്തതായും സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 55 പേരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു. 30 വാഹനങ്ങളും മൂന്ന് മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിന് 24 വ്യക്തികളെ പൊലീസിന് കൈമാറി. 82 വാഹനങ്ങൾ പിടിച്ചെടുത്തു. വിവിധ കേസുകളിൽ തിരയുന്ന 26 പേരെ അറസ്റ്റ് ചെയ്തു. കാലഹരണപ്പെട്ട റെസിഡൻസി പെർമിറ്റുകൾ കൈവശം വെച്ചിരുന്ന 57 പ്രവാസികൾ, അസാധാരണമായ അവസ്ഥയിലുള്ള രണ്ട് പേർ, സാധുവായ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാത്ത 26 പേർ എന്നിവരെയും പിടികൂടി.
കുട്ടികൾക്കും ലൈസൻസ് ഇല്ലാത്തവർക്കും വാഹനങ്ങൾ നൽകുന്നതിനെതിരെയും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം കേസുകളിൽ മാതാപിതാക്കളും രക്ഷിതാക്കളും നിയമ നടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നും സൂചിപ്പിച്ചു.
കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക