വിവിധ ജോലികള്‍ക്കായി സമര്‍പ്പിക്കപ്പെടുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളിലെ വ്യാജന്മാരെ കണ്ടെത്താന്‍ ശക്തമായ നടപടിയുമായി കുവൈറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്ത് ജോലി തേടിയെത്തുന്നവര്‍ നല്കുന്ന അക്കാദമിക്, പ്രൊഫഷണല്‍ യോഗ്യതകള്‍ ഒറിജിനലാണോ എന്നറിയാന്‍ ഇത് പരിശോധിച്ച് ഉറപ്പുവരുത്തുന്നതില്‍ നൈപുണ്യമുള്ള വിദേശ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ചിരിക്കുകയാണ് കുവൈറ്റ് അധികൃതര്‍.

വിദ്യാഭ്യാസ, തൊഴില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പ്രാഥമിക സ്രോതസ്സില്‍ നിന്ന് പരിശോധിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ പ്രമുഖ അന്താരാഷ്ട്ര കമ്പനിയായ ക്വാഡ്രാബേ വെരിഫിക്കേഷന് സര്‍വീസസുമായാണ് കുവൈറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സഹകരണ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. നാദിര്‍ അല്‍ ജലാലിൻ്റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിടല്‍ ചടങ്ങ് നടന്നത്.
അക്കാദമിക് യോഗ്യതകളുടെ സമഗ്രത ഉറപ്പാക്കാനുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് കരാറെന്ന് മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടര്‍സെക്രട്ടറി ലാമിയ അല്‍ മുല്ഹിം പറഞ്ഞു. പ്രത്യേകിച്ച് മെഡിക്കല്‍ മേഖലയിലെ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍.
അക്കാദമിക് ബിരുദങ്ങളുടെ ഉയര്‍ന്ന ഗുണനിലവാരവും പ്രൊഫഷണലിസവും ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ പ്രതിബദ്ധതയാണ് കരാര്‍ പ്രതിഫലിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. രാജ്യത്തെ ജീവനക്കാരുടെ പ്രൊഫഷണല്‍ കഴിവുകളില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നും അവര്‍ പറഞ്ഞു.