കുവൈത്തിൽ വിവിധ സർക്കാർ ഏജൻസികൾ നൽകി വരുന്ന സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് നിരക്ക് വർദ്ധിപ്പിക്കുവാനുള്ള തീരുമാനം രണ്ട് മാസത്തിനകം പ്രാബല്യത്തിൽ വന്നേക്കും.ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്.

സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് നിരക്ക് പുനർ നിശ്ചയിക്കുവാൻ നേരത്തെ മന്ത്രി സഭാ യോഗത്തിൽ തീരുമാനം പുറപ്പെടുവിച്ചിരുന്നു. ഓരോ സർക്കാർ ഏജൻസികളും അവരുടെ ചെലവുകൾക്ക് അനുസൃതമായി സേവനങ്ങൾക്കുള്ള ഫീസ് നിരക്ക് അവലോകനം ചെയ്യുവാനും ഇതിനായി ധനമന്ത്രാലയവുമായി ഏകോപനം നടത്തുവാ നും മന്ത്രിമാരെ ചുമതലപ്പെടുത്തിയിരുന്നു.
ഈ തീരുമാനം വന്ന തീയതി മുതൽ രണ്ട് മാസത്തിനുള്ളിൽ ഓരോ ഏജൻസിയും അവരുടെ അന്തിമ തീരുമാനം മന്ത്രിസഭയെ അറിയിക്കണം എന്നാണ് കഴിഞ്ഞ ദിവസം ആക്റ്റിങ് പ്രധാന മന്ത്രി മന്ത്രിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.