Posted By Greeshma venu Gopal Posted On

മലയാളികളുടെ മനസിൽ ചിരി പടർത്തിയ കലാഭവൻ നവാസ് വിട വാങ്ങി ; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിലായിരുന്നു ബോധരഹിതനായ നിലയില്‍ നവാസിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്.

ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്. ഭാര്യ രെഹ്നയും സിനിമാതാരമാണ്. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരന്‍. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകവെയാണ് നവാസിന്‍റെ വിയോഗം. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടന്‍.

കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. 1995-ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്, ചൈതന്യം, മിമിക്സ് ആക്ഷന്‍ 500, ഏഴരക്കൂട്ടം, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഹിറ്റ്ലര്‍ ബ്രദേഴ്സ്, ബസ് കണ്ടക്ടര്‍, കിടിലോല്‍ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാന്‍, അമ്മ അമ്മായിയമ്മ, മൈ ഡിയര്‍ കരടി, ചന്ദാമാമ, വണ്‍മാന്‍ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെണ്‍കുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version