Posted By Greeshma venu Gopal Posted On

തീമഴ പെയ്ത രാത്രി, തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാന്റെ മിസൈൽ വർഷം; ഇറാൻ ഇസ്രയേൽ ഏറ്റുമുട്ടൽ ശക്തം

ഇറാൻ ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാന്റെ മിസൈൽ വർഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രായേലി നഗരങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. അതേസമയം ഇറാന്റെ എണ്ണപ്പാടങ്ങളിൽ അടക്കം ഇസ്രയേൽ കനത്ത ആക്രമണം നടത്തി. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വ്യാപക നാശമുണ്ട്. ‌

ഇറാനിലെ ബന്ദര്‍ അബ്ബാസിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഇന്നലെ രാത്രിയാണ് ഇറാനിയൻ നാവികസേനയുടെ പ്രധാന കേന്ദ്രമായ ബന്ദർ അബ്ബാസിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതികരിച്ചു. വ്യോമപ്രതിരോധ സംവിധാനം പൂർണ സജ്ജമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനിലെ എണ്ണപ്പാടവും ഇസ്രായേൽ ആക്രമിച്ചിരുന്നു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീൽഡിലൊന്നാണിത്.

ഇറാൻ ഇസ്രയേൽ സംഘർഷം കടുക്കുന്നതിൽ കടുത്ത ആശങ്കയിലാണ് ഇന്ത്യ. വലിയ യുദ്ധമായി ഇസ്രയേൽ ഇറാൻ സംഘർഷം മാറുമോ എന്നാണ് ഇന്ത്യയുടെ ആശങ്ക. ഇറാൻ വ്യോമമേഖല അടച്ചത് പോലും ഇന്ത്യയെ ബാധിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളും ചർച്ചയിലൂടെ പ്രശനം പരിഹരിക്കണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ച ബഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചത്. സംഘർഷം അവസാനിപ്പിക്കണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിക്കിടെ നടക്കുന്ന കൂടിക്കാഴ്ചകളിൽ അറിയിക്കും. ഇസ്രയേലിലേയും ഇറാനിലേയും ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത പാലിക്കാനുള്ള നിർദ്ദേശം വിദേശകാര്യമന്ത്രാലയം നൽകി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version